മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്; ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്; 88 റൺസ് ലീഡ്

31

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 197 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന് 41 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇതോടെ 88 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയതിന്റെ ആവേശത്തില്‍ ബാറ്റെടുത്ത ഓസ്ട്രേലിയക്ക് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (ഒമ്പത്) വേഗം നഷ്ടമായി. ഇതോടെ സ്പിന്‍ പിച്ച് തങ്ങളെയും ചതിക്കുമെന്ന് കരുതിയ ഓസ്ട്രേലിയയെ ഉസ്മാന്‍ ഖവാജയും (60) മാര്‍നസ് ലബുഷെയ്നും (31) ചേര്‍ന്ന് പിടിച്ചുയര്‍ത്തി.

രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസിന് പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ (19) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആര്‍. അശ്വിനാണ് വിക്കറ്റ്. പിന്നാലെ കാമറൂണ്‍ ഗ്രീനിനെ (21) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഉമേഷ് യാദവ് അടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കുറ്റി പിഴുതു. തിരികെയെത്തിയ അശ്വിന്‍ അലക്‌സ് കാരിയെ (3) നിലയുറപ്പിക്കും മുമ്പ് മടക്കി. പിന്നാലെ ടോഡ് മര്‍ഫിയെ (0) ഉമേഷ് പുറത്താക്കി. തുടര്‍ന്ന് നേതന്‍ ലയണിനെ (5) മടക്കി അശ്വിന്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.