
വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്‍റെ നെറുകയിൽ ഒരിന്ത്യക്കാരി കൂടി. പഞ്ചാബ് സ്വദേശിനിയായ ഹർനാസ് സന്ധുവാണ് 2021-ലെ വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്‍റെ അഭിമാനമായിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റിൽ നടന്ന മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000-ത്തിൽ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി. മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.