ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ഹരിത ട്രിബ്യൂണൽ; തുക അടയ്ക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ

16

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർ‌പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളി‍ൽ പിഴയടക്കണമെന്ന് ട്രൈബ്യൂണൽ നിർദേശം നല്‍കി. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനം. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, പിഴ ചുമത്തിയ സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ പറഞ്ഞു. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു
. ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുൻ മേയർമാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. മേയർ പറഞ്ഞു.