സംസ്ഥാനങ്ങളുടെ ഏക സിവില്‍ കോഡ് നീക്കം തടയാനുള്ള ഹർജി സുപ്രീംകോടതി തള്ളി; ഏക സിവില്‍ കോഡ് സമിതി ഭരണഘടനാപരമെന്നു കോടതി

50

ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ രൂപംകൊടുത്ത സമിതികള്‍ ഭരണഘടനാപരമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് അനൂപ് ബറന്‍വാള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലായിരുന്നു ഹരജി.

ഏക സിവില്‍ കോഡ് പഠിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന ഹരജിയിലെ വാദം തള്ളിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്താണതില്‍ തെറ്റെന്ന് തിരിച്ചുചോദിച്ചു. ഭരണഘടനയുടെ 162ാം അനുച്ഛേദം നല്‍കുന്ന അധികാരമുപയോഗിച്ചാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍ കോഡ് പഠിക്കാന്‍ സമിതിയെ ഉണ്ടാക്കിയതെന്നും ചീഫ് ജസ്റ്റിസ് തുടര്‍ന്നു. കണ്‍കറന്റ് ലിസ്റ്റിലെ അഞ്ചാമത്തേത് എന്താണെന്ന് നോക്കൂ. ഈ ഹരജി നിലനില്‍ക്കുന്നതല്ല. ഹരജി സുപ്രീംകോടതി തള്ളണോ അതോ നിങ്ങള്‍തന്നെ പിന്‍വലിക്കുന്നോ എന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. ഗുജറാത്തും ഉത്തരാഖണ്ഡും ഏക സിവില്‍ കോഡിന് ചട്ടക്കൂടുണ്ടാക്കാന്‍ സമിതികളെയുണ്ടാക്കിയതാണ് ഹരജിയില്‍ ചോദ്യംചെയ്തിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.