തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ; കുടുംബവഴക്കെന്ന് സംശയം

21

തിരുവനന്തപുരം കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ നിലയിൽ. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രൻ (65), ഭാര്യ ശശികല (57) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയിനോക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. തുടർന്ന് ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രന്റെ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോൾ മുഖത്ത് തലയിണയുമായി കട്ടിലിൽ മരിച്ചനിലയിൽ ശശികലയെ കാണുകയായിരുന്നു. തുടർന്ന് വീടിന്റെ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കണ്ടെത്തി.