കോട്ടയത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന; തിരുനക്കരയിലുള്ള ഹോട്ടല്‍ ആര്യഭവന്‍ പൂട്ടിച്ചു

92

കോട്ടയത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന ഹോട്ടല്‍ പരിശോധന വ്യാപകമായി. നഗരമധ്യത്തില്‍ തിരുനക്കരയിലുള്ള ഹോട്ടല്‍ ആര്യഭവന്‍ ഞായറാഴ്‌ച പൂട്ടിച്ചു. വൃത്തിഹീനതയാണ്‌ കാരണം. മൊത്തം 15 സ്ഥാപനങ്ങളില്‍ സ്‌ക്വാഡ്‌ പരിശോധന നടത്തി. ഇവയില്‍ നാല്‌ സ്ഥാപനങ്ങള്‍ക്ക്‌ പിഴയിട്ട്‌ നോട്ടീസ്‌ നല്‍കി. ഭക്ഷ്യസുരക്ഷാ വിഭാഗം കോട്ടയം സര്‍ക്കിളിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നവീന്‍ ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധിച്ചത്‌. ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍, ചട്ടവിരുദ്ധമായാണ്‌ ഹോട്ടലുകള്‍ പലതും പ്രവര്‍ത്തിക്കുന്നതെന്ന്‌ പരിശോധനയില്‍ തെളിഞ്ഞതായി നവീന്‍ ദേശാഭിമാനിയോട്‌ പറഞ്ഞു. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങളാണ്‌ പലയിടത്തും പാചകത്തിന്‌ ഉപയോഗിക്കുന്നത്‌. ഫ്രീസറില്‍ ഇരിക്കുന്ന പല വിഭവങ്ങള്‍ക്കും ആഴ്‌ചകളുടെ പഴക്കമുള്ളതായി കണ്ടെത്തി.