
ചലനങ്ങളില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഗവേഷകര്‍. കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജി വിഭാഗം വകുപ്പ് മേധാവി പ്രഫ. പ്രശാന്ത് രാഘവന്റെ മേല്‍നോട്ടത്തില്‍ ഇംഗ്ലണ്ടിലെ ബോള്ട്ടന് യൂനിവേഴ്സിറ്റിയും യു.എയിലെ ആര്.എ.കെ അക്കാദമിക് സെന്ററുമായി ചേര്‍ന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. വിശദമായ പ്രബന്ധം അന്താരാഷ്ട്ര സയന്‍സ് ജേണലായ ‘നാനോ എനര്‍ജി’ (ഇമ്പാക്ട് ഫാക്ടര്‍: 20) മാര്‍ച്ച് 2023ലെ കവര്‍ പേജായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഫ. പ്രശാന്ത് രാഘവന് പുറമെ, ബോള്ട്ടന് യൂനിവേഴ്സിറ്റിയിലെ പ്രഫ. ജാക്-ലൂ, കുസാറ്റ് ഗവേഷകയായ നീതു, ടി.എം. ബാലകൃഷ്ണന്, യു.എ.ഇയിലെ ആര്.എ.കെ അക്കാദമിക് സെന്റർ ഗവേഷക ഷിംന ഷഫീഖ് എന്നിവരുമാണ് ഗവേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
രണ്ട് വ്യത്യസ്ത പോളിമര്‍ മെറ്റീരിയലുകളെ നാനോ ടെക്നോളജിയിലൂടെ കണ്ണികള്‍പോലെ കൂട്ടിച്ചേര്‍ത്താണ് ചലനങ്ങളില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നാനോ ജനറേറ്റര്‍ എന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നാനോ ജനറേറ്റര്‍ ഉപയോഗിച്ച് ആയിരത്തിലധികം എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കുകയും ടോര്‍ച്ചുകളും ഡിജിറ്റല്‍ വാച്ചുകളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. പ്രതലങ്ങള്‍ക്ക് ഇടയില്‍ നിരന്തര ഘര്‍ഷണമുണ്ടാകുമ്പോള്‍ വളരെ ചെറിയ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നത് ട്രൈബോ ഇലക്ട്രിക് പ്രതിഭാസമാണ്. ഇത്തരം വൈദ്യുതി കാര്യക്ഷമമായി ശേഖരിച്ചു വെക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്.
ഭാവിയില്‍ വൈദ്യുതി ഉൽപാദന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്, തങ്ങള്‍ വികസിപ്പിച്ചെടുത്ത നാനോ ജനറേറ്ററുകള്‍ കാരണമായേക്കുമെന്ന് പ്രഫ. പ്രശാന്ത് രാഘവന് അവകാശപ്പെട്ടു. നാനോ ജനറേറ്ററുകള്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയെ ശേഖരിച്ച് വെക്കാനുള്ള ബാറ്ററികളും സൂപ്പര്‍ കപ്പാസിറ്ററുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും പ്രഫ. പ്രശാന്ത് രാഘവന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.